ഔസേപ്പച്ചൻ
കിട്ടാത്ത പെണ് കുട്ടികളെ രാക്കിനാവ് കണ്ടും, വല്ലപ്പോഴും പഠിച്ചും മിക്കപ്പോഴും തിരിഞ്ഞ് കളിച്ചും തട്ടി മുട്ടി കൈച്ചൽ ആയി പോകുന്ന സമയത്താണ് ഔസേപ്പച്ചൻ എന്ന സംഭവത്തെ എന്റെ മുന്നിൽ എത്തിച്ചു തന്നത്.
രാത്രി കൊഞ്ഞാട്ട മെസ്സ് ഫുട് അടിച്ച് ചൊറിയും കുത്തി ഇരിക്കുക ആയിരുന്നു.
അപ്പോഴാണ് സഖാക്കളായ തോമസ് നമ്പേലിയും അമ്മാവനും(ഇരട്ട പേരാണ്. ശരിയായ പേര് മൂപ്പർക്ക് തന്നെ മറന്നു പോയിക്കാണണം) അവിടേക്ക് കേറി വന്നത്.
കൂടെ പരിചയം ഇല്ലാത്ത ഒരു അവതാരം. ഒരു 40 വയസ്സുകാരൻ. മെലിഞ്ഞ ശരീരം. വെടിപ്പില്ലാത്ത താടി, കഷണ്ടി ,സിഗരറ്റ് കറപിടിച്ച ഉന്തിയ പല്ല്. വലതു കയ്യിലെ തള്ള വിരലിലെ നഖം നീട്ടി വളർത്തി സൂക്ഷിച്ചിരിക്കുന്നു. മൊത്തം ഒരു അവാർഡ് സിനിമ.
പണം പിരിക്കാൻ വേണ്ടി രോഗിയേയും കൊണ്ടു നടക്കുക ആയിരിക്കും എന്ന് ഞാൻ ഉറപ്പിച്ചു. മെഡിക്കൽ കോളേജിലെ ഒരു സ്ഥിരം പരിപാടി
"നിഖിൽ നമ്മുക്ക് ഒരു പ്രത്യേക സഹായം ചെയ്യണം. "
വളച്ചു കെട്ടില്ലാതെ അമ്മാവൻ കാര്യം പറഞ്ഞു.
"ഇതാണ് ഔസേപ്പച്ചൻ ആലപ്പുഴയിൽ എം ബി ബി എസ് സ്റ്റുഡൻറ് ആയിരുന്നു ഒരു പത്ത് പതിനഞ്ച് കൊല്ലം മുമ്പേ. "
പടച്ച് റബ്ബേ എന്താണ് കോടാലി എന്നു ഞാൻ വിചാരിച്ചു.
ചില പ്രത്യേക സാഹചര്യത്തിൽ മൂപ്പർക്ക് പഠിത്തം വിടേണ്ടി വന്നു.
ഫസ്റ്റ് ഈയർ പാസ് ആയില്ല.
ഫിസിയോളജി പരീക്ഷയുടെ തലേന്ന് കലിപ്പ് കയറി കോഴ്സ് വിട്ട് മൂപ്പർ നാട്ടിലേക്ക് തിരിച്ച് പോയി.
നമ്പേലിയുടെ ഏതോ സുഹൃത്തിന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു.
കേസായ കേസും കോടതിയായ കോടതിയും ആയി ഇപ്പോ ഒരു ചെറിയ പ്രതീക്ഷ ഒത്തു വന്നിട്ടുണ്ട്.
കോഴ്സിനൂ തിരിച്ച് കേറാൻ യൂണിവേഴ്സിറ്റി ഒരു അവസാനത്തെ അവസരം കൊടുത്തു. "മേഴ്സി ചാൻസ്'
കുടുങ്ങി കിടന്ന ഫസ്റ്റ് ഇയർ പരീക്ഷ എഴുതി പാസായാൽ കോഴ്സിൽ തിരിച്ചു കയറാം. പൊട്ടിയാൽ തഥൈവ.
"നിഖിൽ ഒന്നു പരീക്ഷ പാസ് ആകാൻ മൂപ്പരെ സഹായിക്കണം. "
ഞാൻ ജബായി ജബായി ആക്കുന്നതിനു മുമ്പേ നമ്പേലിയുടെ അടുത്ത ബോമ്പ് വീണു.
നീ മൂപ്പരെ ഇന്നു രാത്രി ഫിസിയോളജി പഠിപ്പിക്കണം.
നാളെ ആണ് പരീക്ഷ.
ബെസ്റ്റ്!
നമ്പേലിക്കും അമ്മാവനും പിറകിൽ നിഷ്കളങ്കമായ ഔസേപ്പച്ചൻറെ ചിരി.
പണ്ടാരത്തിനെ കണ്ടപ്പോ എനിക്ക് സെൻറി ആയി. പുച്ഛിക്കാൻ തോന്നിയില്ല.
ഒരു രാത്രി മാത്രമല്ലേ സർക്കസ് വേണ്ടി വരൂ എന്ന് ആലോചിച്ച് സമ്മതിച്ചു.
നമ്പേലിയും അമ്മാവനും സിനിമയിൽ ജഗതിയും പപ്പുവും അപ്രത്യക്ഷമാകുന്ന പോലെ പെട്ടെന്ന് സ്കൂട്ട് ആയി.
ഫോർത്ത് ബ്ലോക്ക് ഹോസ്റ്റലിലെ ഡോർമിറ്ററിയിലെ ഇരുമ്പ് മേശക്ക് ചേർന്ന് ഇരുന്ന് ഞാനും ഔസേപ്പച്ചനും അന്യോന്യം നോക്കി പുഞ്ചിരിച്ചു.
സമയം 7.00
പരീക്ഷ നാളെ രാവിലെ 9.00 മണിക്ക്.
അപ്പൊ എങ്ങനെയാ കാര്യങ്ങൾ. ഞാൻ മനസ്സിൽ വിചാരിച്ചു.
പക്ഷെ മയപ്പെടുത്തി ഔസേപ്പച്ചനോട് ചോദിച്ചു. " ചേട്ടനു ഏതു ഭാഗങ്ങളാണ് സംശയം?"
അതും പറഞ്ഞു ഞാന് ഫിസിയോളജി ടെക്സ്റ്റ് ആയ ഗാനോങ് മേശപ്പുറത്ത് വച്ചു..
ഔസേപ്പച്ചൻ വീണ്ടും പുഞ്ചിരിച്ചു. " കുട്ടാ കൊറേ കൊല്ലായി പൊസ്തകം കണ്ടിട്ട്. പരീക്ഷ എഴുതണോ വേണ്ടയോ എന്നു ഇന്ന് ഉച്ചക്കാണ് ഉറപ്പിച്ചത്. പാസ്സ് ആവാൻ എന്തൊക്കെയാ വേണ്ടത് അതു ഓടിച്ച് ഒന്ന് പറഞ്ഞു തരുമോ "
വീണ്ടും നിഷ്കളങ്കത, പുഞ്ചിരി.
ഞാൻ എന്റെ ചുണ്ടൊന്ന് കടിച്ച് പല്ലൊന്ന് ഞെരിച്ച് അഞ്ച് സെക്കൻറ് അഗാധമായി ആലോചിച്ച് "ഓക്കേ" എന്ന് പറഞ്ഞു തല കുലുക്കി.
പുസ്തകം തുറന്നു. ബേക്ക്ഗ്രൗണ്ടിൽ ടിവി റൂമിൽ നിന്ന് ഹിന്ദി സിനിമയിലെ അമ്പലത്തിലെ കൂട്ട മണിയും ശംഖ് വിളിയും. ക്യാൻസർ വന്ന കുട്ടിയെ അമ്മ പ്രാർഥിച്ചു രക്ഷിക്കുന്നതിനു മുമ്പുള്ള മ്യൂസിക്ക്.
ഇതു കേട്ട് നമ്മുക്ക് രണ്ടു പേർക്കും ചിരി വന്നു. ഔസേപ്പച്ചൻറെ ഒരു തരം ഏങ്ങി ഏങ്ങി ഉള്ള ചിരി ആയിരുന്നു.
ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തെ കുറിച്ച് പഠിപ്പിക്കുന്ന വിഷയമാണ് ഫിസിയോളജി.
"നമ്മള് ഹാർട്ട്, ലങ്ക്സ്, കിഡ്നി , ബ്ലഡ് ,നെർവ് ഇതിൻറ്റെ എല്ലാം പ്രവർത്തനം ഒന്നു ഓടിച്ച് നോക്കും. അപ്പൊ തന്നെ പാസാവാനുള്ള സംഭവം കവർ ആവും" ഞാൻ തട്ടി.
"ഓ അതു മതി" ഔസേപ്പച്ചൻ ആത്മ വിശ്വാസത്തോടെ, ഭയഭക്തി ബഹുമാനത്തോടെ തലയാട്ടി.
പുസ്തകം തുറന്ന് ഹൃദയത്തിൻറെ പേജിലേക്ക് മറിക്കുമ്പോൾ ഞാൻ ഔസേപ്പച്ചനെ ഇടക്കണിട്ട് നോക്കി . ഒരു ഇരുപതുകാരൻറെ അറിയുവാനുള്ള ത്വര എൻറെ മനസ്സിൽ അണപൊട്ടി .
ഈ മനുഷ്യൻ എന്തിനായിരിക്കും കോഴ്സ് വിട്ടത്?
പെണ്ണ്, കള്ള്, കഞ്ചാവ്, രാഷ്ട്രീയം, പ്രാരാബ്ദ്ധം എന്തായിരിക്കും കാരണം
മാനസിക രോഗം , റാഗിങ്ങ്, നക്സൽ ബന്ധം?
എനിക്കറിയണം.
ഈ മനുഷ്യൻ എന്തിനായിരിക്കും ഇത്രയും കാലത്തിനു ശേഷം ഇപ്പൊ കോഴ്സ് തുടരാൻ വന്നത്?
ഫസ്റ്റ് ഇയർ എം.ബി ബി എസി ൽ ആയിരിക്കണം ഏറ്റവും കൂടുതൽ ആളുകൾ കോഴ്സ് വിട്ടു പോകുന്നത്.
ജീവിതാനുഭവങ്ങൾ ഇല്ലാത്ത, പറക്കമുറ്റാത്ത പഠിപ്പിസ്റ്റുകളുടെ സകലമാന അഹങ്കാരങ്ങളും തകർത്തു തരിപ്പണമാക്കുന്ന ഒരു വറു ചട്ടി ആയിരുന്നു ഫസ്റ്റ് ഇയർ.
കൊച്ചു കൊച്ചു സ്കൂളുകളിലെയും നഗരങ്ങളിലെയും ആസ്ഥാന കണ്ണിലുണ്ണികളും ബുദ്ധിജീവികളുമായി പറന്നു നടന്ന കൗമാരക്കാർ തങ്ങളെക്കാളും വമ്പിച്ച കണ്ണിലുണ്ണികളെയും ബുദ്ധിജീവികളെയും ആദ്യമായി കണ്ട് തകർന്നടിഞ്ഞു വീഴുന്ന ഒരു സർക്കസ്സ് കൂടാരമായിരിന്നു മെഡിക്കൽ കോളേജ്.
ആയിരത്തിൽ ഒരാൾ എന്ന അഹങ്കാരം ആയിരത്തിൽ ഒരാൾ മാത്രം എന്ന തിരിച്ചറിവും വേദനയും ആയി മാറുന്ന കാലഘട്ടം.
ശരീരത്തിലെ പേശികളായ പേശികളും, സകലമാന അസ്ഥികളും, തൊലി മുതൽ മുടി വരെയുള്ള കോശങ്ങളും എന്തിനെന്നോ ഏതിനെന്നോ അറിയാതെ കലക്കി കുടിച്ചു ഛർദ്ദിക്കേണ്ട ഫസ്റ്റ് ഇയർ.
ഈ കുത്തിയൊഴുക്കിൽ മിക്കവരും വല്ലവിധേനയും നീന്തി രക്ഷപ്പെടുന്നു ചിലർ തകർന്നു വീഴുന്നു. ചിലർ കള്ളും കഞ്ചാവും പുകച്ച് കാലിട്ടടിക്കുന്നു. ചിലർ പഠിത്തം നിർത്തി നാട് പിടിക്കുന്നു.ഇതൊന്നും സാധിക്കാത്തവർ ലുങ്കിത്തുണിയിലോ, റെയിൽപ്പാളത്തിലോ, കടപ്പുറത്തോ അടിയറവ് പറയുന്നു.
ഔസേപ്പച്ചൻറെ കഥ അറിയേണ്ടത് എനിക്ക് അത്യാവശ്യമായി തോന്നി.
വിഷാദരോഗത്തിനെ കൂട്ടു പിടിച്ച് അപകർഷതാബോധത്തിൻറെ പിശാചുകൾ പലപ്പോഴും ചെവിയിൽ വന്ന് എന്നോടു അടക്കം പറയാറുണ്ടായിരുന്നു " ഓടിപ്പോ , മെഡിക്കൽ കോളേജ് നിനക്ക് പറഞ്ഞതല്ല. ഓടിപ്പോ നീ ഒരു ഭൂലോക തോൽവി ആണ് "
പക്ഷേ തോറ്റു പിന്മാറില്ല എന്ന വാശിയും ഉണ്ടായിരുന്നു.
എനിക്ക് ഔസേപ്പച്ചനാവണ്ട. അതിന് എനിക്കയാളെ കുറിച്ച് അറിയണം.
രണ്ടും കൽപ്പിച്ച് ഞാൻ ചോദിച്ചു. " ചേട്ടൻ എന്താ കോഴ്സ് നിർത്തി പോയേ?"
പിന്നെയും വിടർന്ന പുഞ്ചിരി.
"ഹോ. അതൊരു ഭയങ്കര കഥയാണ് കുട്ടാ. അനാട്ടമിയും ബയോകെമിസ്ട്രിയും പുഷ്പം പോലെ പാസായി. ഫിസിയോളജിയിൽ കുടുങ്ങി. ആ സമയത്ത് അപ്പൻ വേറെ പോയി"
"അച്ഛൻ മരിച്ചു പോയി?" മനസ്സിലാകാതെ ഞാൻ ചോദിച്ചു.
ഇതു കേട്ട് ഔസേപ്പച്ചൻ ഊറിയൂറി ചിരിച്ചു. ഏങ്ങി ഏങ്ങിയുള്ള അതേ ചിരി.
"അല്ലടാ കുട്ടാ അപ്പൻ അമ്മയെയും നമ്മളെയും വിട്ട് വേറെ പെണ്ണുങ്ങടെ കൂടെ പോയി.
പിന്നെ ആകെ പ്രശ്നായിരുന്നു."
7.10 ന് തുടങ്ങി 7.20 ന് ഔസേപ്പച്ചൻ അയാളുടെ കഥ പറഞ്ഞ് തീർത്തു.
ഒരാളുടെ ജീവിത കഥ പറഞ്ഞ് തീർക്കാൻ പത്ത് മിനിട്ട് മതി.
എഴുതി പ്രൂഫ് റീഡ് ചെയ്ത പോലെ അടുക്കും ചിട്ടയോടും കൂടിയ കഥ പറച്ചിൽ.
ഈ കഥ ഇയാൾ പലരോടും പലതവണ പറഞ്ഞിട്ടുണ്ടാവണം.
കുമളി ആയിരുന്നു സ്വദേശം.
അപ്പൻ കെ.എസ്.ഈ.ബി ലൈൻമാൻ. അമ്മച്ചിക്ക് റബർ തോട്ടത്തിൽ ജോലി.
താഴെ ഒരു പെങ്ങൾ.
ഔസേപ്പച്ചൻ സ്കൂളിൽ പഠിക്കാൻ കേമനായിരിന്നു.
പഠിച്ച് പാസായി ഒരു സയൻസ മാഷ് ആവണം എന്നായിരുന്നു ഔസേപ്പചൻറേ സ്വപ്നം.
പക്ഷേ പ്രീ ഡിഗ്രി പരീക്ഷക്ക് ചെക്കൻ നാട്ടുകാരെയും വീട്ടുകാരെയും മൊത്തം ഞെട്ടിച്ച് കളഞ്ഞു.
ക്രിസ്ത്യൻ മെരിറ്റിൽ മെഡിസിനു കിട്ടിയേക്കുമെന്ന് കോളേജിലെ സാറന്മാര് പറഞ്ഞു.
അമ്മച്ചിക്ക് ആവേശമായി. ഈശോയേ! എന്റെ മോനെ കരകേറ്റിയേക്കണേ.
ഇലക്ട്രിക് പോസ്റ്റിൻറെ മോളിലും ചാരായ ഷാപ്പിലും ജീവിച്ചു പോന്ന അപ്പന് സ്വപ്നങ്ങൾ കാണാൻ ടൈമില്ലായിരുന്നു. മകന് മെഡിസിന് കിട്ടിയ വകയിൽ കുടിച്ചു കേറ്റിയ ചാരായത്തിൻറെ മത്തിൽ തന്നേ അപ്പൻ ചോദിച്ചു " മിസ്റ്റർ ഔസേപ്പ് .....ഇതു നിനെക്കൊണ്ട് പറഞ്ഞ പണിയാണോ?. അവനവന് ഇടാൻ പറ്റുന്ന ജട്ടി മാത്രേ ഇടാവൂ. ഓക്കേ. ? ഡോക്ടറാവാൻ ഒരു മിനിമം ഇത് വേണം. ആ ഇത് ഉണ്ടോടാ നിനക്ക്"
പക്ഷേ ഇതു ഗൗനിക്കാതെ ഔസേപ്പച്ചൻ ആ വലിയ ജട്ടി ഇടാൻ തന്നെ തീരുമാനിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജ് എന്ന അത്ഭുത ലോകത്തേക്ക് നാണിച്ചും പേടിച്ചും അവൻ കേറി ചെന്നു.
ഫസ്റ്റ് ഇയറിൽ മൂന്ന് കൊടുമുടികളാണ് കയറണ്ടത്.
ശരീരത്തിന്റെ ഘടന പഠിപ്പിക്കുന്ന അനാട്ടമി. രാസപ്രവർത്തനങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന ബയോകെമിസ്ട്രി. ശരീരാവയവങ്ങളുടെ പ്രവർത്തനത്തെ കുറിച്ച് പഠിപ്പിക്കുന്ന ഫിസിയോളജി.
ചിത്രം വരക്കാൻ അറിയാവുന്നോണ്ട് അനാട്ടമി മൂപ്പർക്ക് ഹരമായിരുന്നു.
റബർ തോട്ടത്തിൽ പണിക്കു പോകുമ്പോ രാസ വസ്തുക്കളോട് ഒരു കമ്പം വന്നു. അതു കൊണ്ടു ബയോകെമിസ്ട്രിയും എളുപ്പം വഴങ്ങി.
ഫിസിയോളജി ഔസേപ്പച്ചനു തീരെ കണ്ടൂടായിരുന്നു. അത് ഒട്ടും പഠിച്ചില്ല.
ഫിസിയോളജി പരീക്ഷയുടെ തലേന്ന് രാത്രി വെടികൊണ്ട പന്നിയെപ്പോലെ വിഭ്രാന്തി പിടിച്ച് നടന്നു. ഒടുവിൽ ആരും കാണാതെ നട്ടപ്പാതിരക്ക് സ്ഥലം വിട്ടു.
ഫിസിയോളജി പരീക്ഷ തോറ്റപ്പോ കൂട്ടം തെറ്റിയ കുട്ടികളെപ്പോലെ ഔസേപ്പചനും ഒരു ഇരുപത് സഹപാഠികളും ഒരു വ്യത്യസ്ത ബാച്ച് ആയി. അഡീഷണൽ ബാച്ച് . അതാണ് കലാകാലമായുള്ള പതിവ്.
ഇത് തന്നേ കൊണ്ട് പറഞ്ഞ പണിയല്ല എന്ന് ഔസേപ്പച്ചനു മെല്ലെ തോന്നാൻ തുടങ്ങി.
"ഡോക്ടറാവാനുള്ള ആ ഇത് നിനക്ക് ഉണ്ടോടാ"
മെഡിക്കൽ കോളേജ് കാമ്പസിലെ പോസ്റ്റുകളിൽ അപ്പൻ ഒരു വവ്വാലിനെപ്പോലെ വന്നിരുന്ന് ഈ ചോദ്യം മൂളുന്നതായി തോന്നി.
ഫിസിയോളജിയെ കൂടുതൽ കൂടുതൽ വെറുത്തു.
പരീക്ഷ വീണ്ടും വന്നു. തലേ ദിവസം വീണ്ടും ഔസേപ്പച്ചൻ സ്ഥലം വിട്ടു.
അടുത്ത പരീക്ഷക്കു പഠിക്കാൻ തുടങ്ങി.
പകൽ മുഴുവൻ ഉറങ്ങി രാത്രികളിൽ ചിത്രം വരച്ചും യേശുദാസിന്റെ പാട്ട് കേട്ടും ഒരു മായിക ലോകത്തിൽ ജീവിച്ച് തുടങ്ങി. ഹോസ്റ്റലിലെ ഒരു സഹ രാത്രീഞ്ചരൻ മോർഫിൻ കുത്തിവെക്കാനും പഠിപ്പിച്ചു. അതോടെ പൂർത്തി ആയി.
പക്ഷേ ജീവിതത്തിലേക്കുള്ള പിടിവള്ളിയായി അമ്മച്ചിയുടെ കത്ത് വന്നു.
അപ്പൻ വേറെ പോയത്രേ. അമ്മച്ചി തകർന്ന് ഇല്ലാണ്ടായി എന്ന് കത്തിലെ വരികൾക്കിടയിൽ വായിക്കാൻ പറ്റി.
ഒന്നും നോക്കാതെ ഔസേപ്പച്ചൻ കുമളിക്ക് വണ്ടി കേറി.
എന്നെന്നേക്കുമായി.
കുമളിയിൽ എത്തി ഉറക്കത്തിൻറെ താളം വീണ്ടു കിട്ടാനും മോർഫിനോടുള്ള ആസക്തി വിട്ടുമാറാനും ഒരു മാസം എടുത്തത്രേ.
അതുകഴിഞ്ഞ ഉടനെ ഒരു സുഹൃത്തിൻറെ പാരലൽ കോളേജിൽ സുവോളജിയും ബോട്ടണിയും ട്യൂഷൻ എടുക്കാൻ അവസരം കിട്ടി.
കീറിമുറിച്ച തവളയുടെയും കൂറയുടെയും അതിസുന്ദരമായ ചിത്രങ്ങൾ വരച്ച് തകർത്ത് പഠിപ്പിച്ച് ഔസേപ്പച്ചൻ അവിടെ ജീവിച്ചു പോയി.
വല്ലപ്പോഴും ഒരു സൂചി കുത്തുന്ന വേദനപോലെ ആലപ്പുഴ മെഡിക്കൽ കോളേജിൻറെ ഓർമ്മകൾ അയാളുടെ മനസ്സിൽ മിന്നി മറഞ്ഞു.
പതിയെ പതിയെ അതും ഇല്ലാതായി.
സമയം 7.20 ഔസേപ്പച്ചൻറെ കഥ എൻറെ മനസ്സിനെ ഇളകി മറിച്ചു പക്ഷേ പകച്ചിരിക്കാൻ നേരമില്ല.
ഞാൻ ആദ്യ പാഠം തുടങ്ങി- കാർഡിയാക്ക് സൈക്കിൾ.
ഹൃദയത്തിൻറെ നാല് അറകൾ.........
പ്രീ ലോഡ് ,ആഫ്റ്റർ ലോഡ് , സിസ്റ്റൊളി, ഡയസ്റ്റൊളി........ വലിയ വലിയ വാക്കുകൾ കൊണ്ട് ഡോർമിറ്ററി കിടുങ്ങി. .
അസമയത്ത് ഗുണ്ട് പൊട്ടുന്ന ശബ്ദം കേട്ട് ഇടക്ക് ചില അന്തേവാസികൾ എത്തി നോക്കി. സംഭവം പന്തിയല്ല എന്ന് മനസ്സിലാക്കി പെട്ടെന്ന് അവര് തല ഊരി.
ഔസേപ്പച്ചൻ മുറുക്കെ കണ്ണടച്ച് തലയുടെ ഇരു വശവും തടവിക്കൊണ്ടിരിന്നു. പണ്ട് കേട്ടു മറന്ന കാര്യങ്ങൾ തലഛോറിൽ നിന്നും കഷ്ടപ്പെട്ട് വലിച്ച് പുറത്ത് എടുക്കുന്നതായിരിക്കും.
ഇടയ്ക്ക് ഇടയ്ക് കണ്ണ് തുറന്ന് ചുവപ്പും നീലയും പേനകൾക്കൊണ്ട് ഹൃദയത്തിന്റെ ചിത്രങ്ങൾ വരച്ചു. എൻറെ കണ്ണ് തള്ളിപ്പോയി. ഇപ്പൊ ആരോ ശരീരത്തിൽ നിന്ന് കവർന്ന് കൊണ്ടു വന്ന് മുന്നിൽ വെച്ചപോലെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ.
" ഔസേപ്പച്ചാ ഇങ്ങനെ വരച്ച് അടയാളപ്പെടുത്തിയാൽ തന്നെ പാസ്സ് മാർക്ക് ഉറപ്പ്" ഞാൻ മൂപ്പരെ ഉഷാറാക്കി.
"മോൻറെ നാവ് പൊന്നാവട്ടെ" ഇതു പറഞ്ഞ് വീണ്ടും ചിരി.
8.30 വൃക്കകളുടെ പ്രവർത്തനം
ട്യൂബ്യൂളുകൾ, ഫിൽട്രേഷൻ..... സോഡിയം ,പൊട്ടാസ്യം, വെള്ളം.. മൂത്രം.
ഇതും പറഞ്ഞ് മൂപ്പർക്ക് വൃക്കകളുടെ ചിത്രം വരക്കാൻ സമയം കൊടുത്ത് ഞാൻ മൂത്രം ഒഴിക്കാൻ പോയി.
ഔസേപ്പച്ചൻ പാസായില്ലെങ്കിൽ അത് എൻറെ മനസ്സിനെ നിരന്തരം പീഡിപ്പിക്കുന്ന ഒരു മുറിവായി മാറും. ഉറക്കം കെടുത്തുന്ന ഒരു ദുഃസ്വപ്നം.
മൂത്രമൊഴിച്ച് തിരിച്ചു പോയപ്പോ ഞാൻ ചോദിച്ചു
"തുണ്ട് വെച്ചൂടെ?..... ഇൻവിജിലേറ്റർമാർ ഈ ഒരു സാഹചര്യത്തിൽ കണ്ണടക്കില്ലെ?"
ആ മനുഷ്യൻ വീണ്ടും തുറന്ന് ഏങ്ങി ചിരിക്കാൻ തുടങ്ങി
"ഇയാള് കണ്ട പോലെ അല്ലല്ലോ, കുരുട്ട് ബുദ്ധി ഒക്കെ ഉണ്ടല്ലേ അത്യാവശ്യം. കുട്ടൻ ഈ പടം ഒന്ന് നോക്ക്യേ" ഇതും പറഞ്ഞ് അയാള് ഞാൻ പോയപ്പോൾ വരച്ച ചിത്രം കാട്ടി.
തുറന്നു വെച്ച വൃക്ക ; അതിൽ നിന്നും വലിച്ചു പുറത്തിട്ട രക്തം ശുദ്ധീകരിക്കുന്ന കുഴൽ. അതിനകത്തും പുറത്തും സഞ്ചരിക്കുന്ന ലവണ കണങ്ങളും ,ജല തന്മാത്രകളും. സുവ്യക്തം .സുന്ദരം.ലളിതം.
"മോനെ എനിക്കും ഇപ്പോഴൊരു പ്രതീക്ഷ ഒക്കെ തോന്നുന്നു സത്യസന്ധമായി തന്നെ എനിക്ക് പരീക്ഷ പാസാവാൻ യോഗമുണ്ട്. തുണ്ടൊന്നും വേണ്ട്രാ".
പകച്ചു കൊണ്ട് ഞാൻ മൂപ്പരുടെ തോളിൽ കൈ തട്ടി ചോദിച്ച് പോയി " ഏവ്ടേർന്നു ഭായി ഇത്രയും കാലം? ഒരു ജാതി സംഭവം തന്നെ!"
വീണ്ടും ഏങ്ങി ചിരി.
അങ്ങനെ പല പല ചിത്രങ്ങളും ആ മേശപ്പുറത്ത് വിടർന്നു വീണു.
വലിയുന്ന പേശികൾ; തരങ്കൾ പായുന്ന ഞരമ്പുകൾ, രക്ത കോശങ്ങൾ, ശ്വാസകോശത്തിൻറെ ഉള്ളറകൾ.
മണി ഒമ്പതു, കഴിഞ്ഞു, പത്ത് കഴിഞ്ഞു, പതിനൊന്ന് കഴിഞ്ഞു, പന്ത്രണ്ട് കഴിഞ്ഞു.
ഉറങ്ങിയില്ലെങ്കിൽ ആ രാത്രി ഒരിക്കലും തീരില്ലെന്ന ഭ്രാന്തമായ ഒരു വിശ്വാസത്തിൽ ഞാനും ഔസേപ്പച്ചനും ആ പുസ്തകത്തിലൂടെ നിർത്താതെ ഓടി.
പന്ത്രണ്ടര ആയപ്പോ ഔസേപ്പച്ചനു വലിക്കണമെന്നായി. ഉറങ്ങുന്നതിനു മുമ്പേ മിൽമ പാൽ കുടിക്കുന്ന ശീലം എനിക്കും ഉണ്ടായിരുന്നു.
രണ്ടു പേരും മെഡിക്കൽ കോളേജ് കവലയിലേക്ക് വിട്ടു. ആ നടത്തത്തിൽ ഔസേപ്പച്ചൻ തൻറെ കഥയുടെ ബാക്കി പറഞ്ഞു തന്നു.
പാരലൽ കോളേജിൽ പഠിപ്പിച്ച് ഒരു ലോക്കൽ മാസികയ്ക്ക് വേണ്ടി ചിത്രങ്ങൾ വരച്ചു കൊടുത്ത് വീണ്ടും ആ നാട്ടിലെ കണ്ണിലുണ്ണി ആയി മാറിയ കാലം.
കല്ല്യാണ ബ്രോക്കർ കൂടി ആയ കുര്യമ്മാമൻ ഒരു പണി ഒപ്പിച്ചു.
പയ്യൻ ഡോക്ടറാവാൻ പഠിക്കുവാണ്. അപ്പൻ വേറേ പോയ സമയത്ത് അമ്മച്ചിയെ നോക്കാൻ ഒരു കൊല്ലത്തേക്ക് ലീവെടുത്ത് നാട്ടിൽ വന്നതാണ്. അടുത്ത ജനുവരിയിൽ കോഴ്സിനു തിരിച്ചു കയറും.ഇപ്പൊ പാരലൽ കോളേജിൽ പോകുന്നത് നോക്കണ്ട. പുളിങ്കൊമ്പാണ്. കണ്ണടച്ചാൽ വേറെ വല്ല അപ്പൻമാരും അവരുടെ പെൺ കുട്ടികൾക്ക് വേണ്ടി കൊത്തിക്കൊണ്ടു പോവും.
കുര്യമ്മാമ ഈ ബഡായി പറഞ്ഞ് പറഞ്ഞ് നാടുമുഴുവൻ വാർത്ത ആക്കി. ചില അപ്പൻമാരോടു വിലപേശുകയും ചെയ്തു.
തൻറെ മനസ്സിലുള്ളതൊന്നും പരസ്യമായി വിളമ്പെണ്ടാന്ന് കുര്യമ്മാമയും അമ്മച്ചിയും ഔസേപ്പച്ചനെ പറഞ്ഞ് മനസ്സിലാക്കി. ഒരു വിധം കുടുംബത്തിന് കരകേറാൻ കിട്ടിയ അവസരമാണ്. നീ ആയിട്ട് കലക്കരുത്.
അങ്ങനെ കുറ്റബോധത്തോടെ ലീനയെ കല്യാണം കഴിച്ചു. വഴിയെ എല്ലാം പറഞ്ഞു ശരിപ്പെടുത്താമെന്ന് കണക്ക് കൂട്ടി.
ഒരു മൂന്ന് മാസം കഴിഞ്ഞപ്പോ അവളോട് കാര്യം പറഞ്ഞു.
പ്രതീക്ഷക്കു വിപരീതമായി ലീന ഉടനടി പൊട്ടിത്തെറിച്ചില്ല.
അപ്പോഴേക്കും അവര് സ്നേഹിച്ചും കലഹിച്ചും കാമിച്ചും ഒരു കുരുക്കിൽ പെട്ടു പോയിരുന്നു.
പക്ഷേ പതിയെ പതിയെ കലഹങ്ങൾക്കിടയിൽ ഔസേപ്പച്ചനും കുര്യമ്മാമയും തൻറെ അപ്പനെ പറഞ്ഞു പറ്റിച്ച് സ്ത്രീധനക്കാശ് അടിച്ചു മാറ്റിയ കാര്യം ലീന കൊണ്ടുവരാൻ തുടങ്ങി. സ്നേഹിക്കുന്ന നേരങ്ങളിൽ "ഇച്ചായാ കോഴ്സിനു തിരിച്ചു കയറാൻ നോക്കിക്കൂടെ "എന്ന് മയത്തിൽ പറയാനും തുടങ്ങി.
വിവരമറിഞ്ഞ അവളുടെ അപ്പനും ചൊറി തുടങ്ങി.
പ്രത്യേക പുരോഗതി ഒന്നും ഇല്ലാതെ സ്നേഹിച്ചും, കലഹച്ചും, കാമിച്ചും , പത്ത് വർഷം കഴിഞ്ഞു.
" ഹോ വിവാഹം എന്നു പറഞ്ഞാ ഒരു വല്ലാത്ത കുരുക്കാണ് മോനേ" ഏങ്ങി ചിരിച്ചു കൊണ്ട് ഔസേപ്പച്ചൻ എന്നോട് ഉപദേശിച്ചു.
അതിനിടെ ആ കുരുക്ക് മുറുക്കും വിധം രണ്ട് പെൺകുട്ടികളും ഉണ്ടായി.
പിന്നെ അവരും ചൊറിയാൻ കൂടിയത്രേ.
"അപ്പാ പ്ളീസപ്പാ, അപ്പനു ഡോക്ടറായി കൂടെ അപ്പാ..."
" എന്റെ പൊന്നേ എനിക്ക് ഇരിക്കപൊറുതി ഇല്ലാണ്ടായി".
"ഒരു അഞ്ച് വർഷം മുമ്പ് ഞാനും അമ്മായി അപ്പനും യൂണിവേഴ്സിറ്റിയും മെഡിക്കൽ കോളേജും കയറി ഇറങ്ങി. കേരളത്തിലാകെ എന്നെ പോലെ പതിനാറ് മാനസാന്തരപ്പെട്ട പ്രേതങ്ങൾ ഉണ്ടെന്ന് മനസ്സിലായി. നമ്മളെല്ലാവരും കൂടി ഒരു വക്കീലിനെ കണ്ടു.
കേസും കോടതിയും ആയി അവസാനം നമ്മുക്ക് ഒരു 'മേഴ്സി ചാൻസ് ' തരാൻ കോടതി ഉത്തരവായി."
ആ മാനസാന്തരപ്പെട്ട പ്രേതങ്ങൾക്ക് എല്ലാം കൂടി അവരവരുടെ തീയറി പരീക്ഷ എഴുതാൻ കോഴിക്കോട് ഒറ്റ ദിവസം, ഒറ്റ സെൻറർ.
അതിലൊരാളെ ഒരു രാത്രികൊണ്ട് പഠിപ്പിച്ചു പാസാക്കാനുള്ള ജോലി എനിക്കും.
നമ്പേലിയും അമ്മാവനും എന്നെ എന്തിനാണ് ഏൽപ്പിച്ചത് എന്നെനിക്ക് മനസ്സിലായില്ല.
നമ്മടെ ബാച്ച് ആ ഇടെ ഫസ്റ്റ് ഇയർ പരീക്ഷ പാസായതുകൊണ്ടാവാം.
"മോൻ പഠിപ്പിക്കാൻ ഉഷാറാണെന്ന് എല്ലാരും പറഞ്ഞു" എന്ന് ഔസപ്പച്ചൻ പറഞ്ഞത് എന്നെ സോപ്പിടാനുള്ള കളവായിട്ട് തോന്നി.
പാലു കുടിയും സിഗരറ്റു വലിയും കഴിഞ്ഞ് നമ്മൾ വീണ്ടും ഹോസ്റ്റലിൽ എത്തി.
പിന്നെയും നാലഞ്ച് അവയവങ്ങളുടെ പ്രവർത്തനം കൂടി ഓടിച്ച് പഠിച്ചു.
ഒടുക്കം ഉറങ്ങാൻ കിടന്നപ്പോൾ രണ്ടര.
ഔസേപ്പച്ചന് എൻറെ കട്ടിൽ കൊടുത്തു.
ഞാൻ താഴെ കമ്പിളി വിരിച്ച് കിടന്നു.
മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റലിനു കവാടങ്ങളോ പൂട്ടുകളോ ഇല്ല.
ആർക്കും എപ്പോ വേണമെങ്കിലും കയറാം ഇറങ്ങാം. ഉറക്കമില്ലാത്ത സത്രം.
സമയം അത്ര വൈകിയിട്ടും എനിക്ക് നന്നായി ഉറങ്ങാനായില്ല.
എനിക്ക് സുപരിചിതമായ ഒരു പശ്ചാത്തല സംഗീതം ഉണ്ടായിരുന്നു ആ ഹോസ്റ്റലിന്.
ചിലപ്പോ ബൈക്കുകൾ ഇടുങ്ങിയ വരാന്തയിലൂടെ ഇരമ്പുന്ന മരണക്കിണർ ശബ്ദം, ചിലപ്പോ പട്ടികൾ ഏറു കൊണ്ടു മോങ്ങുന്ന ശബ്ദം ,ചിലപ്പോ രാത്രി ഉറക്കം പതിവില്ലാത്ത നോക്റ്റേണൽ ബോയ്സ് എന്ന് ഞങ്ങൾ വിളിച്ചിരുന്ന രാത്രീഞ്ചരൻ മാരുടെ കൂക്കി വിളിയും ബഹളങ്ങളും.
നോക്റ്റേണൽ ബോയ്സ് പരീക്ഷ എഴുതാനായി ഔസേപ്പച്ചൻമാരായി വർഷങ്ങൾക്ക് ശേഷം തിരിച്ചു വരുമോ?
ഇതൊന്നുമല്ല എൻറെ ഉറക്കം പോവാൻ കാരണം.
രാവിലെ ആയോ , ഔസേപ്പച്ചൻ ഉണർന്നോ എന്നായിരുന്നു ആവലാതി.
അയാൾക്ക് പഠിപ്പിച്ചു കൊടുക്കാത്ത അനേകം ഭാഗങ്ങൾ ഉണ്ടായിരുന്നു .
അയാൾ തോൽക്കാനാണ് കൂടുതൽ സാധ്യത.
പക്ഷേ അയാൾ വരച്ചിട്ട ചിത്രങ്ങൾക്ക് ഒരു പ്രത്യേക മാന്ത്രിക ശക്തി ഉള്ളതു പോലെ.
ഒരു ചോദ്യത്തിൻറെ ഉത്തരം വിവരിക്കുന്നതിനുപരി അതു വരച്ച വ്യക്തിയെക്കുറിച്ച് പലതും പറയാൻ വെമ്പുന്ന ചിത്രങ്ങൾ.
അല്ല അയാള് പാസാവനാണ് കൂടുതൽ സാധ്യത.
പക്ഷേ പരീക്ഷപ്പേടി കാരണം വീണ്ടും ഒളിച്ചോടാനും സാധ്യത ഉണ്ട്.
കണ്ണു തുറന്ന് നോക്കുമ്പോഴെല്ലാം ആ മനുഷ്യൻ കൂർഖം വലിച്ച് ഉറങ്ങുന്നു.
ചിലപ്പോൾ സ്വപ്നം കണ്ട് ഏങ്ങി ചിരിക്കുന്നു.
ചിലപ്പോ പിച്ചും പെയ്യും പറയുന്നു ." ആ ആ ആ ഓക്കെ ഡോക്ടറാവാ ഡോക്ടറററ......"
പിന്നെ ഏതോ നേരത്ത് ഞാനും ഗാഢമായ ഒരു ഉറക്കത്തിൽ വീണുപോയി.
കണ്ണ് തുറന്നപ്പോ പകൽ വെളിച്ചം . ഡോർമിറ്ററിയിൽ രാവിലെ കോളേജിൽ പോവാനുള്ള തിരക്കിൻറെ ശബ്ദം . പേടിയോടെ ചാടി എഴുന്നേറ്റു.
ഓസേപ്പച്ചൻ ദാ അപ്പഴും സുഖമായി ഉറക്കം തന്നെ.
ടൈം പീസിൽ നോക്കിയപ്പോ 8.40!!
ഭഗവാനേ!!
ചവിട്ടി വിളിക്കാനുള്ള അടുപ്പം ഇല്ല . അതു കൊണ്ടു തട്ടി വിളിച്ചു " ചേട്ടാ എഴുന്നേറ്റു റെഡി ആവ് പരീക്ഷക്ക് ലേറ്റായി!!".
ഇതു കേട്ട് ഔസേപച്ചൻ പിറുപിറുത്തു. " എനിക്ക് വയ്യ ചെറുക്കാ. പരീക്ഷയും കോപ്പും. ഞാനൊന്നും പാസാവാൻ പോന്നില്ല"
എൻറെ സമനില തെറ്റി. കാലു മുതൽ തല വരെ കലി പെരുത്ത് കയറി.
"എടാ മൈ... കിളവാ. മനുഷ്യന് ദയ തോന്നി രാത്രി ഉറക്കമിളച്ച് പഠിപ്പിച്ചിട്ട് ഇപ്പൊ വയ്യാന്നാ..എണീച്ചു പോടാ ഡാഷേ..." അലറി കൊണ്ടു ഞാൻ പുതപ്പ് പിടിച്ച് വലിച്ചു.
ഡോർമിറ്ററിയിലെ ഇരുമ്പ് കട്ടിലുകൾ വിറവിറച്ചു.
അയാള് കുടഞ്ഞെഴുന്നേറ്റു. " സോറി കുട്ടാ ഞാനുറക്കത്തായിരുന്നു. അറിയാണ്ട് പറഞ്ഞു പോയതാ"
5 മിനുട്ട് കൊണ്ട് പല്ല തേച്ചു. ഞാൻ ഓടി ചെന്ന് മെസ്സിൽ നിന്ന് ഒരു മൈസുർ പഴവും ഒരു ഗ്ലാസ്സ് ചായയും കൊണ്ടു കൊടുത്തു. മാറിയിടാൻ എൻറെ ഷർട്ട് കൊടുത്തു. അയാളുടെ സഞ്ചി അപ്പുറത്തെ ഹോസ്റ്റലിൽ നമ്പേലിയുടെ മുറിയിലായിരുന്നു. അതൊന്നും എടുക്കാൻ നേരമില്ല. ഭാഗ്യത്തിന് ഹാൾ ടിക്കറ്റ് പാൻറിനറെ പോക്കറ്റിൽ ഉണ്ടായിരുന്നു.
ഉറ്റ സുഹൃത്തിൻറെ കൈനറ്റിക്ക് ഹോണ്ടയിൽ കയറ്റി മൂപ്പരെ പരീക്ഷ ഹാളിൻറെ അടുത്ത് ഇറക്കി.
അവിടെ പരീക്ഷക്ക് കേറാനിരിക്കുന്ന ബാക്കി പതിനഞ്ച് പ്രേതങ്ങളേയും ഞാൻ കണ്ടു . പതിനാല് ആൺ പ്രേതങ്ങളും ഒരു പെൺ പ്രേതവും.
ഔസേപ്പച്ചൻ ഹാളിൽ കയറുന്നതിനു മുമ്പ് എനിക്ക് അടുത്ത പേടി.
"പേന ഉണ്ടോ..?." ഞാൻ വിളിച്ചു ചോദിച്ചു.
അയാൾ ഷർട്ടിൻറെ പോക്കറ്റിൽ കൈയിട്ട് നീലയും ചുവപ്പും പേനകാണിച്ച്
തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു "ഒറപ്പല്ലേ!"
എന്നിട്ട് ഏങ്ങി ഏങ്ങി ചിരിച്ചു ഹാളിലേക്ക് നടന്നു കയറി.
തല ഉയർത്തി, സന്തോഷത്തോടെ ഒരു നിഷ്കളങ്കനായ ഫസ്റ്റ് ഇയർ വിദ്യാർത്ഥിയുടെ ചുറു ചുറുക്കോടെ.
എനിക്ക് സുബ്രഹ്മണ്യൻ സാറിന്റെ സർജറി വാർഡിലായിരുന്നു പോസ്റ്റിങ്ങ്.
പക്ഷേ മനസ്സിൽ ഒരു വല്ലായ്മ.
ഔസേപ്പച്ചൻ എന്തോ പണി ഒപ്പിക്കും എന്നൊരു തോന്നൽ. വാർഡിൽ സംസാരിച്ചു കൊണ്ടിരുന്ന അറ്റൻറർമാരുടെയും സിസ്റ്റർമാരുടെയും ശബ്ദങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
12 മണിയായപ്പോൾ കേൾക്കരുതെ എന്ന് വിചാരിച്ച ആ വാർത്ത വാർഡിലും എത്തി.
മൂന്നാം നിലയിലുള്ള പരീക്ഷാ ഹാളിൽ നിന്നും ആരോ താഴേക്ക് ചാടിയത്രേ.
ആ നിമിഷം ഞാൻ ഒരു താക്കോൽ പാവ ആയി മാറി; സുബ്രഹ്മണ്യൻ സാറിനെയും, സർജറിയിലെ സിസ്റ്റർമാരെയും അവഗണിച്ച് വാർഡിൽ നിന്ന് ഒഴുകി പുറത്തെത്തി. വരാന്ത രോഗികളെയും, പൊതിച്ചോറ് തുറക്കുന്ന ബന്ധുകളെയും കാണാതെ ഒഴുകി ഒഴുകി ക്യാഷ്വാലിറ്റിലേക്ക്.
വടകര, കൊയിലാണ്ടി,കോഴിക്കോട്, മലപ്പുറം ഭാഷയിലുള്ള ആകുലതയുടെ പശ്ചാത്തലത്തിൽ മങ്ക്ളീഷ് മെഡിക്കൽ പദങ്ങളുടെ ഒരുതരം സംഗീതം നിർത്താതെ മുഴങ്ങുന്ന ക്യാഷ്വാലിറ്റി.
മൂക്കൊലിപ്പുകാരനും റോഡപകടത്തിൽ കാല് നഷ്ട്ടപ്പെട്ടവനും, ഹൃദയ സ്തംഭനം വന്നവളും ഗ്യാസ് രോഗിയും എല്ലാവരും അധികാരത്തോടെ ഒരുപോലെ ചികിത്സക്ക് കയറിച്ചെല്ലുന്ന ആതുരാലയം.
ചോരയും വിയർപ്പും ഫിനോയിലും കലർന്ന പരിചിതമായ മണം.
ഒരു ചുമരിനോട് ചേർന്ന് ഒരു ട്രോളിക്ക് ചുറ്റും നില്ക്കുന്ന നിശ്ചലമായ ആൾക്കൂട്ടം.
ആളുകൾ മൃതശരീരം കണ്ടു തരിച്ചു നിൽക്കുന്ന ആ ചിത്രം അവിടെ സാധാരണ ആയിരുന്നു.
ഞാൻ അന്വേഷിച്ച് ചെന്ന കാഴ്ച്ച അതു തന്നെ എന്നുറപ്പിച്ചു.
"ബ്രോട്ട് ഡെഡ് ആയിരുന്നു" ആരോ പറഞ്ഞത് കേട്ടു.
ആൾക്കൂട്ടത്തിൻറ്റെ ഇടയിൽ കൂടി ഔസേപ്പച്ചൻറെ ശരീരം കാണാൻ ഞാൻ ശ്രമിച്ചു.
പൊട്ടി തകർന്ന മുടിയില്ലാത്ത തലയോട്ടിയുടെ ഇടയിലൂടെ തള്ളി നിൽക്കുന്ന തലച്ചോറിൻറെ ഭാഗം കണ്ട് ഉടനടി ഞാൻ കണ്ണടച്ചു.
പിറകിൽ നിന്ന് ആരോ എന്റ്റെ തോളത്ത് കൈ വച്ചു.
നീട്ടിയ നഘം തോളത്ത് തട്ടിയപോലെ തോന്നി.
ഞാൻ കണ്ണ് തുറന്ന് പുറകോട്ട് നോക്കി. ഒരു പ്രേതത്തിനെ കണ്ടപോലെ ഞാൻ നടുങ്ങി.
"അത് ഞാൻ അല്ലടാ കുട്ടാ. കാസർക്കോട്കാരൻ സലാം ആണ്. തിരുവനന്തപുരം പഠിച്ചതാ. കഴിഞ്ഞ കൊല്ലം കോടതിയിൽ വെച്ച് കണ്ടിട്ടുണ്ട്"
എന്ന് പറഞ്ഞ് ഔസേപ്പച്ചൻ കറപിടിച്ച മുഴുവൻ പല്ലും കാണിച്ച് ചിരിക്കുന്നു.
"ഞാൻ അത് ഒരിക്കലും ചെയ്യില്ലടാ, എനിക്ക് രണ്ട് പെൺ മക്കളില്ലേ. "
ഒരു രാത്രികൊണ്ട് ശരീരാവയവങ്ങളിലൂടെ സഞ്ചരിച്ച് സഹോദരങ്ങളായി മാറിയ ഞങ്ങൾ കെട്ടിപ്പിടിച്ചുപോയി.
ഓസേപ്പച്ചൻ കെട്ടിപ്പിടുത്തത്തിൽ നിന്നും മോചിതനായി പുറത്തേക്ക് ഓടി.
" ഉറപ്പായി പാസാവും,പ്രാക്ടിക്കൽ പരീക്ഷ ഇവിടെ ആണെങ്കൽ കാണാം.. പന്ത്രണ്ട് അരയ്ക്കു ട്രയിനുണ്ട്... പോട്ടടാ മോനെ..."
എന്ന് പറഞ്ഞ് ആ അവതാരം ആൾക്കൂട്ടത്തിലേക്ക് മറഞ്ഞു.
പിന്നെ ഞാൻ ഔസേപ്പച്ചനെ ഒരിക്കലും കണ്ടിട്ടില്ല.
മൊബൈൽ ഫോണും വാട്സപ്പും ഇല്ലാത്ത കാലമായിരുന്നു.
ഇടക്കിടെ നമ്പേലിയേയും അമ്മാവനെയും കാണുമ്പോ ഞാൻ ചോദിക്കുമായിരുന്നു.
അവർക്കും ഒരു വിവരവും ഇല്ല.
ഹോസ്റ്റലിലെ ഫോൺ അടിക്കുമ്പോൾ ഔസേപ്പച്ചൻ എന്നെ വിളിക്കുന്നതായിരുക്കുമോ എന്ന് ചെവി കൂർപ്പിക്കും.
മെഡിക്കൽ കോളേജിലെ കണ്ണെത്താത്ത നീളമുള്ള വഴികളിൽ ദൂരെ നടന്നു വരുന്ന താടിക്കാരും കഷണ്ടി തലയൻമാരും ഔസേപ്പച്ചനാവണേ എന്ന് പ്രതീക്ഷിക്കും.
ഔസേപ്പച്ചൻ വരച്ചു പഠിച്ച ചിത്രങ്ങൾ ഞാൻ വല്ലപ്പോഴും എടുത്തു നോക്കും.
ഹൃദയവും ഞരമ്പുകളും ശ്വാസകോശവും ഒരു പതിഞ്ഞ സ്വരത്തിൽ മിടിക്കുന്ന പോലെ "പാസാവാനാണ് സാധ്യത ".
- ഡോ. നിഖിൽ സുദർശൻ. All rights reserved.
You are amazing Saho...
ReplyDelete👌🏻👌🏻
ReplyDeleteAwesome narration
ReplyDeleteSuperb.. keep writing dear...
ReplyDeleteExcellent narration Nikil👌👌👌
ReplyDeleteBeautiful narration..keep writing.....
ReplyDelete