കോളേജ് ലൈബ്രറിയിൽ സ്ഥിരതാമസമാക്കിയ രണ്ട് പുസ്തക പുഴുക്കളുണ്ടായിരുന്നു.ആർത്തി മൂത്ത് വിവരങ്ങളായ വിവരങ്ങളൊക്കെ കാർന്ന് തിന്ന് ജീവിച്ചവർ. ഒരു ദിവസം ചെറുപ്രാണികളെക്കുറിച്ച് വിശേഷിപ്പിക്കുന്ന ഒരു നിഘണ്ടുവിൽ ആൺപുഴു മുന്നിൽ നിന്നും പെൺ പുഴു പിന്നിൽ നിന്നും താളുകൾ കരണ്ട് വരികയായിരുന്നു. പുസ്തകത്തിന്റെ മദ്ധ്യത്തിൽ വെച്ച് കുറച്ചൊരു ഞെട്ടലോടെ അവരുടെ കണ്ണുകളുടക്കി. പക്ഷേ ഈഗോ കാരണം രണ്ടു പേരും അധികമൊന്നും ശ്രദ്ധ കാണിക്കാതെ പെട്ടെന്ന് കടലാസിലേക്ക് തലകുനിച്ച് വീണ്ടും നടന്ന് നീങ്ങി. എന്നാൽ കാര്യങ്ങൾ കുറച്ച് കുഴഞ്ഞു മറിയുകയാണ് ഉണ്ടായത്. ചങ്ങമ്പുഴ പുസ്തകങ്ങളിൽ എപ്പോഴോ അബദ്ധവശാൽ കയറി ഇറങ്ങിയപ്പോൾ മനസ്സിൽ കയറിക്കൂടിയ മൂളിപ്പാട്ടുകൾ ആൺപുഴുവിനെ അലട്ടാൻ തുടങ്ങി. പെൺപുഴുവാകട്ടെ ഒന്നും അറിയാത്ത മട്ടിൽ ആൺപുഴുവിൻറെ അടയാളങ്ങൾ തേടി മാർക്സിന്റെയും സോക്രട്ടീസിൻറെയും കടുകട്ടി ഗ്രന്ഥങ്ങളിലൂടെ ഒരു താളു പോലും രുചിക്കാതെ രഹസ്യമായി അലഞ്ഞു.
ഒടുവിൽ ഒരു മഴയുള്ള വൈകുന്നേരം ബാക്കി പുഴുക്കൾ തണുപ്പിൽ നിന്ന് രക്ഷപ്പെടാനായി കട്ടിലുകളിലും വിളക്കുകളിലും ചടഞ്ഞു കൂടിയപ്പോൾ ആൺപുഴുവും പെൺപുഴുവും ഒരു കാന്തിക ശക്തിയിൽ പെട്ടപോലെ പ്രണയപുസ്തകങ്ങളുടെയും കവിതകളുടെയും അലമാരക്കരികിൽ എത്തിപ്പെട്ടു. ചുറ്റും ആരും ഇല്ലെന്ന് ഉറപ്പായപ്പോൾ അന്യോന്യം പുഞ്ചിരിച്ചു. കാതടപ്പിക്കുന്ന മഴയുടെ ശബ്ദം സംസാരിക്കാനും അവർക്ക് ധൈര്യം കൊടുത്തു.
പിന്നീടങ്ങോട്ട് ലൈബ്രറിയിൽ തിരക്കുള്ള സന്ധ്യകളിൽ ബോട്ടണി സുവോളജി പുസ്തകങ്ങൾ ഭക്ഷിക്കുന്ന വ്യാജേനേ കണ്ണിൽ കണ്ണും നട്ട് വല്ലപ്പോഴും അറിയാതെ എന്നോണം കൈവിരലുകൾ ഉടക്കി സമയം തള്ളി നീക്കി. ആളൊഴിഞ്ഞ രാത്രികളിൽ ജാള്യതകളും ഭയവും കൂടാതെ പൈങ്കിളി നോവലുകളുടെ താളുകളിൽ കൈപിടിച്ചുകൊണ്ട് മുമ്പ് അരോചകമായി തോന്നിയിരുന്ന ഇക്കിളി വാക്കുകൾ തിരഞ്ഞ് പിടിച്ച് അടർത്തിയെടുത്ത് അന്യോന്യം രുചിക്കാൻ കൊടുത്തു. തങ്ങൾ കണ്ടുമുട്ടിയ ആ നിഘണ്ടുവിൽനിന്നും "പുസ്തകപ്പുഴു" എന്ന പേജ് ഒഴികെ ബാക്കി എല്ലാം കടിച്ച് തിന്നു. ഒരുതരം സ്മാരകം പോലെ.
രാത്രികളിൽ അവിടെ പ്രണയാതുരരായ പുഴുക്കളുടെയും, മഴപ്പാറ്റകളുടെയും, ഉറുമ്പുകളുടെയും രഹസ്യമായ ഒരു സമാന്തര ലോകം തന്നെ ഉണ്ടെന്ന് അവർ കണ്ടുപിടിച്ചു. ആലിംഗനങ്ങളും, കണ്ണേറുകളും,ചുംബനങ്ങളും സദാചാരമായി അനുവദിച്ചിരുന്ന ഒരു സ്വപ്നലോകം.
പരിണാമ നിയമങ്ങൾ പ്രകാരം അനാവശ്യമാണെന്ന് കല്പിക്കപ്പെട്ടിട്ടും പുഴുക്കൾ തമ്മിൽ കാമം നിഷിദ്ധമാണെന്ന് അറിഞ്ഞിട്ടും അവർ കെട്ടിപ്പുണർന്നും , ചുരുണ്ടും, മറിഞ്ഞും, പുസ്തക ചട്ടകളിൽ നിന്ന് ഊർന്ന് വീണും ഉന്മാദത്തിൻറെ എഴുതപ്പെടാത്ത തലങ്ങൾ കണ്ടറിഞ്ഞു.
അങ്ങനെയിരിക്കെ പെൺപുഴുവിൽ ചില മാറ്റങ്ങൾ വന്നു തുടങ്ങി.
ശരീരം ചെറുതായി തുടുത്തു വരാൻ തുടങ്ങി. ചലനങ്ങളും സംസാരവും മന്ദഗതിയിലായി. പ്രണയത്തിലും ഭക്ഷണത്തിലും താത്പര്യമില്ലാതായി. ആൺപുഴുവിന് വേദനിച്ചു.
ഒരു ദിവസം അവൻ നെഞ്ചുപൊട്ടിക്കുന്ന ഒരു കാഴ്ചയാണ് കണ്ടത്. പെൺപുഴു ചലനമറ്റ് പരിണാമ സിദ്ധാന്ത പുസ്തകങ്ങളുടെ അലമാരയുടെ ഒരു തട്ടിൽ നിന്നും തൂങ്ങി കിടക്കുന്നു.
അവളെ തലോടിയും ഒച്ചവച്ചും തട്ടിയും വിളിക്കാൻ ശ്രമിച്ചു. പക്ഷേ ഒരു അനക്കവുമില്ല.
അവൻ ആ അലമാരത്തട്ടിൽ കണ്ണെടുക്കാതെ നിലയുറപ്പിച്ചു. അവൾക്കിഷ്ട്ടപ്പെട്ട മിനുസമുള്ള കടലാസ് തുണ്ടുകളും, പുതിയ പുസ്തകചട്ടയിലെ മധുരമുള്ള പശക്കഷ്ണങ്ങളും, ജനലരികിൽ വെച്ച നാലുമണി പൂക്കളുടെ ഇതളുകളും ഏറേ ബുദ്ധിമുട്ടി കഴിക്കാനായി കൊണ്ടു കൊടുത്തു. എന്നിട്ടും അവൾ എഴുന്നേറ്റില്ല. നിരാശനായി അവൻ തിരിച്ച് പോയി.
രണ്ടാമത്തെ ദിവസം അവളുടെ ചലനമറ്റ ശരീരം ഒരു പൂപ്പൽ കൊണ്ടുമൂടിയ പോലെ കണ്ടു. ഏതോ ഒരു ചിലന്തി അവളെ ഭക്ഷിക്കാൻ ശ്രമിക്കുക ആയിരിക്കും .
അതിന് ശേഷം നിധികാക്കുന്ന ഭൂതത്തിനെ പോലെ ആൺപുഴു ഉറക്കമൊഴിച്ച് അവിടെ തന്നെ കുറ്റിയടിച്ചു. അവളെ പഴയതു പോലെ തിരിച്ചു കൊണ്ടുവരണേ എന്ന് ഉറക്കേ പ്രാർത്ഥിച്ചു. ലൈബ്രറി മുഴുവൻ കാതിൽ കുത്തിക്കയറുന്ന ഒരു മൂളൽ ആയി അത് കേൾക്കപ്പെട്ടു. ചീവീടിൻറെ പോലെ അസഹ്യമായ ഒരു ശബ്ദം.
പ്രാർത്ഥനയുടെ ശക്തികൊണ്ടെന്നോണം അവളുടെ പൂപ്പൽ കൂട് പിളരുന്ന പോലെ തോന്നി.
അത് അന്ധമായ പ്രണയത്തിൻറെ ഒരു ഭ്രമം ആയിരിക്കുമോ.
അല്ല കൂട്ടിൻറെ ഉള്ളിൽ നിന്നും കൂടുതൽ അനക്കങ്ങൾ കണ്ടു.
ഈശ്വരാ തൻറെ പ്രിയപ്പെട്ടവൾക്ക് ജീവൻ തിരിച്ചുകിട്ടി.
പൂപ്പൽ കൂടു നീക്കി അവൾ പുറത്തു വന്നപ്പോൾ ഞെട്ടിക്കുന്ന ഒരു കാഴ്ച്ച ആയിരുന്നു. തവിട്ട് നിറത്തിലുള്ള കൂറ്റൻ ചിറകുകളും നീണ്ട കൊമ്പുകളുമുള്ള ഒരു ഭയാനക രൂപം.
പക്ഷേ എന്തായാലും അവളെ സ്നേഹിക്കാനും സ്വീകരികാനും തീരുമാനിച്ച് കെട്ടിപിടിക്കാനായി അവൻ മുന്നോട്ട് ചെന്നു . എന്നാൽ ഒരു കൊടുങ്കാറ്റിൻറെ ശബ്ദം ഉണ്ടാക്കി ചിറകുകൾ അടിച്ച് കുതറി മാറി അവൾ പറന്നു പൊങ്ങി. ട്യൂബ് ലൈറ്റിനെ ലക്ഷ്യം വച്ചുള്ള പറത്തതിനിടെ താഴെ കരഞ്ഞു കൊണ്ടിരുന്ന ആൺപുഴുവിനെ തിരിച്ചറിയാതെ അതിശയത്തോടെ നോക്കി. അവൾ ട്യൂബ് ലൈറ്റിന് ചുറ്റും ആഹ്ലാദത്തോടെ പറന്നു കളിച്ചു.
അപ്പോഴാണ് അവളൊരു നിശാശലഭം ആയത് അവനു മനസ്സിലായത്.
അവളുടെ ചിറകടി ശബ്ദം കേട്ട് പുറത്ത് നിന്ന് ഒരു ആൺശലഭം വന്ന് മൂന്ന് തവണ അവളുടെ ചുറ്റും കറങ്ങി നാലാമത്തെ തവണ അവളുടെ കൈയും പിടിച്ച് പുറത്തേക്ക് പറന്നു. പോകുമ്പോൾ കൗതുകം കൊണ്ട് അവളുടെ കണ്ണുകൾ വിടരുന്നത് ആൺപുഴു കണ്ടു.
ഇത് കണ്ട് ആൺപുഴു തട്ടിൽ നിന്ന് മനഃപൂർവം പിടിവിട്ട് താഴെ വീണു.
നേരെ ചെന്ന് വീണത് ലൈബ്രറി അസിസ്റ്റന്റ ശിവകുമാറിൻറെ കാൽവിരലിനു മുകളിൽ.
പുഴുക്കൾ കുത്തി നശിപ്പിച്ച പുസ്തകങ്ങൾ തിരഞ്ഞുപിടിച്ച് ഒഴിവാക്കുക ആയിരുന്നു മൂപ്പർ. കാലിൽ പുഴു വീണ അറപ്പിൽ അയാൾ നിലവിളിച്ചു. ലൈബ്രേറിയൻ വിഷ്ണു സാർ വന്ന് ചോദിച്ചു " എന്താടോ" . ചമ്മലോടെ ശിവകുമാർ ആൺപുഴുവിനെ ചൂണ്ടിക്കാട്ടി.
വിഷ്ണു സാർ മുട്ടുമടക്കി ഇരുന്നു പുഴുവിനെ പരിശോധിച്ചു.
" ഒരു തരം ചീവിടു പോലത്തെ പ്രാണിയുടെ പുഴുവാ , വൃത്തി ആക്കി ഇലെങ്കിൽ ഈ ലൈബ്രറി ഇവറ്റകള് നശിപ്പിച്ച് കളയും. "
ഇത് പറഞ്ഞ് ശിവകുമാർ കൂട്ടിയിട്ട കളയാനുള്ള പുസ്തകങ്ങളിൽ ഒന്നെടുത്ത് ഒരു പേജ് കീറി പുഴുവിനെ പിടിച്ച് ഞെരിച്ച് ജനൽ വഴി പുറത്തേക്കിട്ടു.
കമിതാക്കളായ പുഴുക്കൾ ഒഴിവാക്കിയ നിഘണ്ടുവിലെ സ്മാരക പേജ് ആയിരുന്നു അത്.
ആൺപുഴുവിനെ ഞെരിച്ചപ്പോൾ വന്ന ദ്രാവകം കൊണ്ട് മഞ്ഞളിച്ച അക്ഷരങ്ങൾ ഇങ്ങനെ വായിച്ചു :
പുസ്തകപ്പുഴു : 1)യഥാർത്ഥത്തിൽ ഇങ്ങനെ ഒരു ജീവി തന്നെ ഇല്ല. ചീവീട്, കൂറ, നിശാശലഭം, ചിതൾ തുടങ്ങിയ ജീവികളുടെ ലാർവകളെ ആണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്.
2)ആർത്തിയോടെ അഥവാ അധികമായി പുസ്തകം വായിക്കുന്ന ആൾ.
Very nicely written!!
ReplyDelete